പാറയിൽ കളരി എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പനച്ചക്കുഴി കുടുംബം വക ശ്രീ കുമാരേശ്വര ക്ഷേത്രം വർക്കലയ്ക്ക് സമീപം ഇടവ പാറയിൽ ദേശത്ത് സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രധാന മുരുകാലയങ്ങളിൽ ഒന്നാണ് ശ്രീ കുമാരേശ്വരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. വിശാലമായ ക്ഷേത്ര പറമ്പിൽ ചുറ്റമ്പലത്തിനകത്ത് പ്രധാന ആലയങ്ങളിൽ ശ്രീ വേലായുധ സ്വാമിയും തുല്യ പ്രാധാന്യത്തോടു കൂടി മറ്റുള്ള ആലയങ്ങളിൽ ശ്രീ അർത്ഥuനാരീശ്വര ഭാവത്തിൽ ശിവ പർവ്വതിമാരും , ശ്രീ മഹാ ഗണപതിയും ശ്രീ ധർമ്മ ശാസ്താവും വിരാജിക്കുന്നു. നാലമ്പലത്തിന് പുറത്ത് ആൽത്തറകളിൽ ബ്രഹ്മരക്ഷസ് , യോഗീശ്വരൻ , മന്ത്ര മൂർത്തി , യക്ഷിയമ്മ , യോഗിനി , മാടൻ തമ്പുരാൻ എന്നീ സങ്കൽപ്പങ്ങളും കന്നിമൂലയിൽ നാഗർ കാവും സ്ഥിതിചെയ്യുന്നു. മകര മാസം പൂയം നക്ഷത്രത്തിൽ തൈപ്പൂയ മഹോത്സവം ദേശീയോത്സവമായി ആചരിക്കുന്നു. വർക്കല ഇടവ ദേശങ്ങളിൽ നിന്ന് ധാരാളം കാവടി ഘോഷയാത്രകൾ ശ്രീ സുബ്രമണ്യ സന്നിധിയിൽ അഭിഷേകം നടത്തി സായൂജ്യമടയുന്നു കുംഭമാസത്തിലെ പുണർതം നക്ഷത്രം തിരുനാളായും പ്രതിഷ്ഠാ ദിനമായും ആഘോഷിക്കുന്നു.